Kerala
കൊച്ചി: പുതുവര്‍ഷത്തെ ആഘോഷമായി വരവേല്‍ക്കാനൊരുങ്ങി ഫോര്‍ട്ട് കൊച്ചി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാര്‍ണിവലിന് ഞായറാഴ്ച തുടക്കമാകും. രാവിലെ, രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 22ന് രാവിലെ 9.30ന് വാസ്കോഡ ഗാമ സ്ക്വയറില്‍ കെ.ജെ. മാക്സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തും.
മെഗാ ഷോ മുതല്‍ ബൈക്ക് റേസ് വരെ
കാര്‍ണിവലിന്റെ ഭാഗമായ 90 ഓളം സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയര്‍ത്തും. ഡീജെകള്, മെഗാ ഷോകള്‍, മോട്ടോര്‍ ബൈക്ക് റേസ്, വിന്റേജ് സ്കൂട്ടര്‍ റാലി, ആര്‍ച്ചറി, ഷൂട്ടിംഗ്, കാര്‍ണിവല്‍ മാരത്തണ്‍, കൊങ്കണി ഭാഷാ കലോത്സവം, മെഹന്ദി കയാക്ക്, ഗുസ്തി, മ്യൂസിക്കല്‍ നൈറ്റ്, ചൂണ്ടയിടല്‍, വഞ്ചിതുഴയല്‍ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറും.
ഫോര്‍ട്ട് കൊച്ചി കടപ്പുറം, പരേഡ് ഗ്രൗണ്ട്, പള്ളത്ത് രാമന് ഗ്രൗണ്ട്, അമരാവതി മഴവില്പാര്ക്ക്, ചുള്ളിക്കല്‍ ക്വീന്‍സ് പാര്‍ക്ക്, മുണ്ടംവേലി കോര്പ്പറേഷന് ഗ്രൗണ്ട്, വാസ്കോഡ ഗാമ സ്ക്വയര്‍, നെഹ്റു പാര്‍ക്ക്, ടിപ്ടോപ് അസീസ് ഗ്രൗണ്ട്, സൗദി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടികള്‍
ക്രമീകരിച്ചിരിക്കുന്നത്.
31ന് രാത്രി എട്ട് മുതല്‍ ആഘോഷം
28 മുതല്‍ 31 വരെ ദിവസങ്ങളില്‍ മ്യൂസിക് ബാന്‍ഡ്, ഡിജെ, അരുണ്‍ ഗോപന് ഓപ്പണ്‍ മൈക്ക് ബാന്‍ഡ്, മെഗാ മ്യൂസിക് ഷോ എന്നിവയുമുണ്ടാകും. 31ന് രാത്രി എട്ട് മുതല്‍ ആഘോഷം തുടങ്ങും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ജനുവരി ഒന്നിന് വൈകിട്ട് കാര്‍ണിവല്‍ റാലിയും നടക്കും.
Kerala
കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകം സജ്ജമാക്കിയ കുരുത്തോല വിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതേസമയംതന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും ചേര്‍ന്ന് 20 വിളക്കുകളും തെളിച്ചു. കേരളത്തെ താറടിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം നല്‍കിയതിലൂടെ പുരസ്കാരങ്ങളുടെ പ്രാധാന്യംതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം കാര്യങ്ങള്‍ ചെറുക്കപ്പെടാനുള്ള ശ്രമങ്ങള്‍ക്കു നിലമൊരുക്കാന്‍ ബിനാലെയ്ക്കു കഴിയണം. ബിനാലെയുടെ നടത്തിപ്പിലൂടെ അന്താരാഷ്ട്രതലത്തിലുള്ള പരിപാടികള്‍ നടത്താനുള്ള സംസ്ഥാനത്തിന്റെ കഴിവാണു പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ. ജെ. മാക്സി, മേയര്‍ എം. അനില്‍കുമാര്‍, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുന്‍ മന്ത്രി കെ.വി. തോമസ്, മ്യൂസിയം-പുരാരേഖ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്, കെഎംബി പേട്രണ്‍ എം.എ. യൂസഫലി, ട്രസ്റ്റ് അംഗങ്ങളായ അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ഡോ. വി. വേണു, സിഇഒ തോമസ് വര്‍ഗീസ്, പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കാം
ടിക്കറ്റ് നിരക്കുകൾ
ബിനാലെ സന്ദർശിക്കാനുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചു. 18 വയസ് മുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് 200 രൂപയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്ന വിദ്യാര്‍ഥികള്‍ക്കും 60 വയസിനുമേല്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കും 100 രൂപയാണു നിരക്ക്. പത്തു വയസ് വരെയുള്ള കുട്ടികള്‍ക്കു പ്രവേശനം സൗജന്യമാണ്.
ഒരാഴ്ചത്തേക്കുള്ള ടിക്കറ്റും ലഭ്യമാണ്. വയോജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും ഒരാഴ്ചത്തേക്ക് 500 രൂപയാണു ടിക്കറ്റ് നിരക്ക്. മറ്റുള്ളവര്‍ക്ക് 1000 രൂപയും.
ആസ്പിന്‍വാള്‍ ഹൗസ് (കയര്‍ ഗോഡൗണ്‍, ഡയറക്ടേഴ്സ് ബംഗ്ലാവ്), ആനന്ദ് വെയര്‍ഹൗസ്, എസ്എംഎസ് ഹാള്‍, 111 മര്‍ക്കസ് ആന്‍ഡ് കഫെ, ദര്‍ബാര്‍ ഹാള്‍ (നിലവില്‍ സൗജന്യം), പെപ്പര്‍ ഹൗസ്, സ്പേസ് (ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്) ഐലൻഡ് വെയര്‍ഹൗസ് എന്നിവിടങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്കു ടിക്കറ്റ് നിര്‍ബന്ധമാണ്. ആകെയുള്ള 22 വേദികളില്‍ ബാക്കിയുള്ളവയിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാണ്.
District News
ഫോർട്ടുകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ വഴിതെറ്റി എത്തിയ മയിലും കുരങ്ങനും ഏവർക്കും കൗതുകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫോർട്ടുകൊച്ചിയിലെ മരച്ചില്ലകളിലും മട്ടുപ്പാവുകളിലുമായാണ് കുരങ്ങന്റെ വാസം.
ഭക്ഷണത്തിനായി താഴെയിറങ്ങുമെങ്കിലും ഉപദ്രവകാരിയല്ലെന്ന് വഴിയോര വ്യാപാരികൾ പറയുന്നു. ചരക്ക് വണ്ടിയിൽ കയറിയെത്തിയതാണ് കുരങ്ങൻ. പൊരിച്ചയിനങ്ങളും പഴങ്ങളുമാണ് പ്രിയ ഭക്ഷണം.
തുടക്കത്തിൽ വൈകുന്നേരങ്ങളിൽ കാക്കക്കൂട്ടങ്ങൾ കുരങ്ങിനെ ഉപദ്രവിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കുഴപ്പമില്ല.
തമിഴ്നാട്ടിൽ നിന്നുവന്ന ചരക്ക് ലോറിയിലാണ് മയിൽ എത്തിയത്. പ്രദേശത്ത് പറന്നുനടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മട്ടാഞ്ചേരി, ചെറളായി, അമരാവതി, വെളി മേഖലകളാണ് മയിലിന്റെ സഞ്ചാര കേന്ദ്രം. മഴക്കാറ് വന്നപ്പോൾ മയിൽ പീലിവിടർത്തി നൃത്തമാടിയത് ഏവർക്കും വിശേഷ കാഴ്ചയായിരുന്നു. വീടുകളുടെ ടെറസിലും തുറസായ സ്ഥലങ്ങളിലുമെത്തുന്ന മയിലിനെ കാണാനും ഫോട്ടോയെടുക്കാനുമുള്ള തിരക്കിലാണ് വിനോദ സഞ്ചാരികളും നാട്ടുകാരും.
Kerala
ഫോര്‍ട്ടുകൊച്ചി: കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശ ജനതയുടെ പ്രതിഷേധ പരിപാടികളില്‍ അണിനിരന്ന് പശ്ചിമകൊച്ചി. തീരജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമായി കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികര്‍ നടത്തിയ ഉപവാസ ധര്‍ണയിലും വൈകുന്നേരം നടന്ന റാലിയിലും സമാപന സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. തീരശോഷണം തടയാനും കടലിന്റെ മക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ബാധ്യസ്ഥപ്പെട്ടവര്‍ വന്പരാജയമാണെന്നതിന്റെ തെളിവാണ് അടിക്കടി ഉണ്ടാകുന്ന കടലാക്രമണമെന്ന് ബിഷപ് പറഞ്ഞു.
തോപ്പുംപടി ബിഒടി ജംഗ്ഷനു സമീപം നടന്ന സമാപന ചടങ്ങില്‍ കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, സംസ്ഥാന വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, സന്തോഷ് കൊടിയനാട് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വൈദികരുടെ ഉപവാസ ധര്‍ണയില്‍ 200ലേറെ വൈദികര്‍ പങ്കെടുത്തു. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉപവാസധര്‍ണ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കൊച്ചി രൂപത ചാന്‍സലര്‍ റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തൻവീട്ടില്‍, ഫാ. ആന്റണി കുഴിവേലി, ഫാ. സെബാസ്റ്റ്യന്‍ പനഞ്ചിക്കല്‍, ഫാ. സോളമന് ചാരങ്ങാട്ട്, ഫാ. ആന്റണി ടോപ്പോള്‍, ഫാ. ജോഷി മയ്യാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളുരുത്തിയില്‍ നിന്നാരംഭിച്ച ബഹുജന റാലി കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസും സാന്തോമില് നിന്നാരംഭിച്ച റാലി ഫാ. ജോപ്പന് അണ്ടിശേരിയും ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍, ഫാ. സെബാസ്റ്റിയന് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോപ്പി കൂട്ടുങ്കല്‍, ഫാ. ആന്റണി വലിയവീട്ടില്‍, ഫാ. റാഫി പര്യാത്തുശേരി, ഫാ. ആന്റണി പുളിക്കല്‍, മെറ്റില്‍ഡാ മൈക്കിള്‍, പീറ്റര്‍ പി. ജോര്‍ജ്, പോള്‍ ബെന്നി പുളിക്കല്‍, മാര്‍ഗരേറ്റ് ലോറന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്കി.